Sunday, 17 March 2013



അഭിമുഖം
വൈകാരികതയുടെ അണക്കെ ട്ടുകള്‍ക്കപ്പുറം.
ലക്ഷ്മി മഞ്ജുഷ എം



ഡാം 999 വൈകാരിക അണക്കെട്ടുകളെയാണ് സൂചിപ്പിക്കുന്നത്. എല്ലാ കഥാപാത്രങ്ങളുടേയും ഉള്ളില്‍ വികാരങ്ങളുടെ ഒരു ഡാം ഉണ്ട്. അത് പല ഘട്ടങ്ങളില്‍ പൊട്ടുന്നതാണ് സിനിമയില്‍ കാണിയ്ക്കുന്നത്. കൈ്ളമാക്സില്‍ ആണ് പ്രതീകാത്മകമായി യഥാര്‍ത്ഥ ഡാം പൊട്ടുന്നത്. ഒരു പ്രണയകഥയുടെ അവസാനം ഡാം പൊട്ടുന്നു.

             ലോ
കം മുഴുവന്‍ മുല്ലപ്പെരിയാറെന്ന ജലബോംബ് ഉറ്റുനോക്കുമ്പോള്‍ ഡാം തകരുന്നത് വിഷയമാക്കിയ "ഡാം 999' എന്ന ഹോളിവുഡ് ചിത്രം വിവാദമായി. ചിത്രത്തിന്റെ സംവിധായകന്‍ മലയാളിയായ സോഹന്‍റോയിയും ഇതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. മുല്ലപ്പെരിയാര്‍ ഡാം തകരുന്നത് ചിത്രീകരിച്ചെന്നാരോപിച്ച് തമിഴ്നാട്ടില്‍ ചിത്രം നിരോധിക്കുകയും ചെയ്തു.  
              എന്നാല്‍ ഇതൊന്നുമല്ല പുനലൂര്‍ സ്വദേശിയായ സോഹന്‍റോയിക്ക് പറയാനുള്ളത്. ഒരു ഓസ്കാര്‍ നോമിനേഷനെങ്കിലും കിട്ടിയാല്‍ ഇന്ത്യയുടെ മോശം അവസ്ഥകള്‍ മാത്രം ചിത്രീകരിച്ച സ്ളം ഡോഗ് മില്ല്യണയറിന് ഒരു മറുപടിയായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയുടെ സംസ്കൃതിയേയും പൗരാണികതയേയും ലോകത്തിനു മുമ്പില്‍ തുറന്നുവയ്ക്കുന്ന ഈ സിനിമ, നമ്മുടെ സാംസ്കാരിക സമ്പന്നതയിലേക്ക് ആഴ്ന്നിറങ്ങുന്നു. 
              ആയുര്‍വേദം, ജ്യോതിഷം, യോഗ, സംഗീതം, നാവികലോകം, പ്രണയം, നിറങ്ങള്‍ തുടങ്ങി ഒമ്പത് ആംഗിളുകളിലൂടെ കടന്നു പോകുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ പശ്ചാത്തലമാക്കിയത് 1975 ലെ ബാന്‍ക്വിയോ അണക്കെട്ട് ദുരന്തമായിരുന്നെങ്കിലും കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ചിത്രം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ഒരു നാവികമനസ്സ് എന്നും കാത്ത്സൂക്ഷിക്കുന്ന, മറൈന്‍ എന്‍ജിനീയറായ സോഹന്‍ റോയിയുടെ അടുത്ത ചിത്രം സോമാലിയന്‍ കടല്‍ക്കൊള്ളക്കാരെക്കുറിച്ചാണ്.  
 ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ച്ചറേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന ആദരം ഏറ്റുവാങ്ങുന്നതിനായി തൃശ്ശൂരിലെത്തിയ സോഹന്‍റോയ് മനസ്സുതുറക്കുന്നു.
                            
   ?   കേരളത്തിലെ സമകാലീന പാശ്ചാത്തലത്തില്‍ത്തന്നെ ഡാം 999 ഇറങ്ങിയതിനെക്കുറിച്ച്.
മുല്ലപ്പെരിയാര്‍ വിഷയം പറഞ്ഞു കേള്‍ക്കുന്നതല്ലാതെ കാണിക്കാന്‍ ഒരു വിഷ്വല്‍ ഉണ്ടായിരുന്നില്ല. സിനിമയുടെ കൈ്ളമാക്സില്‍ എന്തു സംഭവിക്കുന്നുവോ അതുതന്നെയാണ് ഡാം തകര്‍ന്നാല്‍ സംഭവിക്കുക.
   ?   ഡാം തകരുന്നതിനേക്കാളുപരിയായി പ്രണയമാണ് ചിത്രം ചര്‍ച്ചചെയ്തത് എന്ന വിമര്‍ശനത്തെ എങ്ങനെ നോക്കിക്കാണുന്നു?
മുല്ലപ്പെരിയാര്‍ പ്രശ്നം ഞാന്‍ ഡോക്യുമെന്ററി ആയി ചെയ്തിട്ടുണ്ട്. ഡാം 999 വൈകാരിക അണക്കെട്ടുകളെയാണ് സൂചിപ്പിക്കുന്നത്. എല്ലാ കഥാപാത്രങ്ങളുടേയും ഉള്ളില്‍ വികാരങ്ങളുടെ ഒരു ഡാം ഉണ്ട്. അത് പല ഘട്ടങ്ങളില്‍ പൊട്ടുന്നതാണ് സിനിമയില്‍ കാണിയ്ക്കുന്നത്. കൈ്ളമാക്സില്‍ ആണ് പ്രതീകാത്മകമായി യഥാര്‍ത്ഥ ഡാം പൊട്ടുന്നത്. ഒരു പ്രണയകഥയുടെ അവസാനം ഡാം പൊട്ടുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നം മീഡിയ ഏറ്റെടുത്തപ്പോള്‍ ഡാം ദുരന്തത്തിനായി പ്രാധാന്യം. ആദ്യം സിനിമ കാണാന്‍ വന്നവര്‍ വിചാരിച്ചത് 2012 പോലുള്ള സിനിമയായിരിക്കുമെന്ന്. പക്ഷേ അങ്ങനെയല്ല. ഇതിന്റെ പോസ്ററര്‍ കണ്ടാല്‍ത്തന്നെ അത് മനസ്സിലാകും. കടലിലൂടെ പോകുന്ന ഒരു പായ്ക്കപ്പല്‍. പ്രണയം ഒമ്പത് രീതിയില്‍ നഷ്ടപ്പെടുന്നു. ഒരു പാട്ടിന്റെ പ്രമേയവും ഇതുതന്നെ. പ്രണയം പിരിക്കാന്‍ എത്തുന്നതാണ് ഡാം ദുരന്തം. 
പക്ഷേ ഒരു ഡാം ദുരന്തത്തിന്റെ എല്ലാ വശങ്ങളും സിനിമയില്‍ വന്നിട്ടുണ്ട്. ദുരന്തത്തിനുമുമ്പുള്ള പ്രകൃതിയുടെ സൂചനകള്‍, മഴ, ഉരുള്‍പ്പൊട്ടല്‍, ഭൂകമ്പം, പിന്നെ റിക്ടര്‍ സ്കെയില്‍ എല്ലാം. മുല്ലപ്പെരിയാറിന് വെള്ളം താങ്ങാനുള്ള കപ്പാസിറ്റി ഉണ്ട് എന്നു പറയുന്നത് വെറുതെയാണ്. വെള്ളത്തിന്റെ അളവും സ്പീഡും വെച്ച് കണക്കാക്കിയാല്‍ ഇന്നത്തെ നിലയില്‍ ഡാമിന് താങ്ങാന്‍ ശേഷിയില്ല.
   ?   സിനിമയെക്കുറിച്ച് നേരിട്ടറിഞ്ഞ പ്രതികരണങ്ങള്‍ എന്തൊക്കെയാണ്?ഗൗരവമായി സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. അതുകൊണ്ട്തന്നെയാണ് വാര്‍ണര്‍ബ്രദേഴ്സ് ഇത് വിതരണത്തിനായെടുത്തത്. ഒരിന്ത്യന്‍ സംവിധായകന്റെ സിനിമ ആദ്യമായാണ് വാര്‍ണര്‍ബ്രദേഴ്സ് ഏറ്റെടുക്കുന്നത്. പ്രതീക്ഷ തെറ്റിവന്നവര്‍ക്ക് നിരാശയുണ്ടാക്കും. 9 ആംഗിളുകളില്‍ സിനിമ കണ്ടു കഴിഞ്ഞാല്‍ ഇതെല്ലാം മാറും. തമിഴ്നാട്ടില്‍ നിന്നും സിനിമയെക്കുറിച്ച് നിരൂപണങ്ങള്‍ വരുന്നുണ്ട്. നല്ലതും മോശമായതും. അത് കാര്യമാക്കേണ്ടതില്ല. എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലല്ലോ. ആയുര്‍വേദക്കാര്‍ക്ക് ആയുര്‍വേദത്തിന്റെ ആംഗിള്‍ ഇഷ്ടപ്പെടും. നാവികര്‍ക്ക് ആ ആംഗിളും. പ്രണയം ഇഷ്ടമല്ലാത്തവര്‍ക്ക് ആ ആംഗിള്‍ ഇഷ്ടപ്പെടണമെന്നില്ല.
  ?   തമിഴ്നാട്ടില്‍ സിനിമ നിരോധിച്ചതിനെക്കുറിച്ച് എന്തുപറയുന്നു? തമിഴ്നാടിന്റെ തെറ്റിദ്ധാരണ മാത്രമല്ല, ഇതിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളുമുണ്ട്. കര്‍ണ്ണാടകത്തിന് ഒരു ടി. എം. സി വെള്ളത്തിന് 3 കോടി കൊടുക്കുമ്പോഴാണ് നമ്മള്‍ക്ക് വെറും 10 ലക്ഷം തരുന്നത്. ഈ വെള്ളമെടുത്ത് ഇലക്ട്രിസിറ്റി ഉണ്ടാക്കി 700 കോടി രൂപ അവര്‍ക്ക് ലാഭം കിട്ടുന്നു. പുതിയ ഡാം വന്നാല്‍ ഈ കോണ്‍ട്രാക്ട് എല്ലാം മാറും. ഇങ്ങനെയൊക്കെയാണെങ്കിലും തമിഴ്നാട്ടിലിറങ്ങുന്ന സിനിമയുടെ ഡി. വി. ഡി കള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്.  
  ?  എന്തുകൊണ്ട് ഈ സിനിമയില്‍ ആയുര്‍വേദത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി ?  എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ തന്നെയാണ് ഇതിനു കാരണം. എനിക്ക് ബാധിച്ച ഒരു ചര്‍മരോഗം ആയുര്‍വേദം കൊണ്ടാണ് സുഖപ്പെട്ടത്. ഈ അനുഭവം ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ വേറെ എന്തെങ്കിലും വിഷയമാകുമായിരുന്നു. ഇന്ത്യയുടെ അമൂല്യസമ്പത്തുക്കളില്‍ ഒന്നാണ് ആയിരക്കണക്കിന് വര്‍ഷം പാരമ്പര്യമുള്ള ആയുര്‍വേദം. എനിക്ക് അനുഭവം കൂടി ആയപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല.
 ?  ഈ സിനിമ ഇറങ്ങുന്ന സമയത്തുതന്നെ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായ സമരങ്ങള്‍ എങ്ങനെ ബാധിച്ചു ? സമരമില്ലാത്ത 41 തിയേറ്ററുകള്‍ കിട്ടി. അല്ലെങ്കില്‍ കേരളത്തില്‍ 100 തിയ്യേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു. അതില്‍ വിഷമമൊന്നുമില്ല. ഇന്നല്ലെങ്കില്‍ നാളെ ജനങ്ങള്‍ ഇത് കാണും. സാമ്പത്തികപരമായി കുറച്ചുനഷ്ടം ഉണ്ടാകുമെന്നുമാത്രം.
  ?  മറൈന്‍ എഞ്ചിനീയറിംഗില്‍ നിന്ന് സിനിമയില്‍ എത്തിയതെങ്ങനെ ?
പഠിക്കുന്ന കാലത്തു തന്നെയുള്ള പാഷനായിരുന്നു സിനിമ. 2003 നു ശേഷമാണ് വിഷ്വല്‍ മീഡിയയിലേക്ക് ഇറങ്ങുന്നത്. ആല്‍ബങ്ങള്‍ ചെയ്തു, സിനിമയ്ക്ക് പാട്ടെഴുതി പിന്നെ സിനിമയുമായി ബന്ധപ്പെട്ട് ഡിപ്ളോമ ചെയ്തു. അതിലെ പ്രോജക്ടില്‍ ആത്മവിശ്വാസം വന്നതുകൊണ്ടാണ് പിന്നെ ഈ മേഖലയിലേക്കുതന്നെ വന്നത്. 
  ?  താങ്കള്‍ സംഗീതജ്ഞന്‍ എന്ന രീതിയിലും സജീവമാണല്ലോ അത്തരത്തിലുള്ള അനുഭവങ്ങളെക്കുറിച്ച് ഈ സിനിമയിലെ 9 ഗാനങ്ങളുടേയും വരികള്‍ എന്റേതാണ്. ഞാന്‍ കൂടെ ഇരുന്ന് ചിട്ടപ്പെടുത്തി. സിനിമയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്തത് സംഗീതമാണ്. ഓരോ ഗാനവും ഡവലപ്പ് ചെയ്തെടുക്കുമ്പോഴുള്ള സംതൃപ്തി വേറൊരാളെക്കൊണ്ട് ചെയ്യിപ്പിച്ചാല്‍ കിട്ടില്ല. വരികള്‍ ചിട്ടപ്പെടുത്തിയത് ഔസേപ്പച്ചനാണെങ്കിലും എന്റെ സുഹൃത്തും ആയുര്‍വേദ ഡോക്ടറുമായ സന്തോഷും സഹായിച്ചു.
  ?  സംഗീതത്തില്‍ ചെയ്ത മറ്റു പ്രോജക്റ്റുകള്‍ ഏതൊക്കെയാണ് ? 95 ഗാനങ്ങള്‍ ഇപ്പോള്‍ത്തന്നെ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. 2 സിനിമയും ആറ് ആല്‍ബങ്ങളും. ഞാനും സന്തോഷും ചേര്‍ന്ന് രൂപപ്പെടുത്തിയ 25 പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് ആരെയും കേള്‍പ്പിക്കാതെ വച്ചിട്ടുണ്ട്. 
  ?  ഏതൊക്കെയാണ്  ഭാഷയിലാണ് ചെയ്തത്?  മലയാളത്തില്‍ത്തന്നെ.   
?  മലയാളത്തില്‍ ഒരു സിനിമ പ്രതീക്ഷിക്കാമോ ?  ആഗ്രഹമുണ്ട്. പക്ഷേ സമയക്കുറവ് പ്രശ്നമാണ്. ഇപ്പോള്‍ സോമാലിയന്‍ കൊള്ളക്കാരെപ്പറ്റിയുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ്.

No comments:

Post a Comment